This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലിന്റണ്‍, ഹിലാരി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ലിന്റണ്‍, ഹിലാരി

Clinton, Hillary (1947- )

ഹിലാരി ക്ലിന്റണ്‍

അമേരിക്കന്‍ രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകയും നിയമജ്ഞയും. അമേരിക്കയുടെ 42-ാമതു പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റന്റെ പത്നിയായ ഹിലാരി, 1993 മുതല്‍ 2001 വരെ അമേരിക്കയുടെ പ്രഥമവനിതയായിരുന്നു.

1947 ഒ. 26-ന് ഷിക്കാഗോയിലെ ഇല്ലിനോയിയില്‍ ജനിച്ചു. പഠനകാലത്ത് സ്കൂള്‍ ലീഡറായിരുന്ന ഹിലാരി, തന്റെ മാതാപിതാക്കള്‍ പിന്തുണച്ച റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തകയായി. മാര്‍ട്ടിന്‍ ലൂഥര്‍കിങ്, റോബര്‍ട്ട് എഫ്. കെന്നഡി, മാര്‍ക്കം എക്സ് എന്നിവരുടെ വധമാണ് ഹിലാരിയെ ഡെമോക്രാറ്റിക് പാര്‍ട്ടിയുമായി അടുപ്പിച്ചത്. തുടര്‍ന്ന് ഡെമോക്രാറ്റിക് കക്ഷിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി യൂജീന്‍ മാക് ചക്രവര്‍ത്തിക്കുവേണ്ടി പ്രചാരണത്തില്‍ സജീവമായി.

വെല്ലസ്ലിയില്‍ നിന്നും 1969-ല്‍ ബിരുദം നേടിയ ഇവര്‍, തുടര്‍ന്ന് യേല്‍ സ്കൂളില്‍നിന്ന് നിയമബിരുദം പൂര്‍ത്തിയാക്കുകയും കുടുംബനിയമത്തിലും കുട്ടികളുടെ അവകാശങ്ങളിലും അവഗാഹം നേടിയെടുക്കുകയും ചെയ്തു. 1974-ല്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്സനെതിരായ വാട്ടര്‍ഗേറ്റ് അന്വേഷണത്തില്‍ ഹിലാരിയും പങ്കെടുത്തിരുന്നു. അര്‍കാന്‍സസ് നിയമപഠനവിഭാഗത്തില്‍ അധ്യാപികയായിരിക്കെയാണ് 1975 ഒ. 11-ന് ബില്‍ ക്ലിന്റനെ വിവാഹം ചെയ്യുന്നത്. ബില്‍ ക്ലിന്റണ്‍ ഗവര്‍ണറായിരിക്കെ ഹിലാരി തന്റെ അഭിഭാഷകവൃത്തിയുമായി മുന്നോട്ടുപോയി. എന്നാല്‍ ക്ലിന്റണ്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിച്ച അവസരത്തില്‍ അദ്ദേഹത്തിന്റെ പ്രചാരണത്തിന് ഇവര്‍ ശക്തമായി നേതൃത്വം നല്കി. തുടര്‍ന്ന് പൊതുവേദികളിലും ടെലിവിഷന്‍ പരിപാടികളിലും നിരന്തരമായി പ്രത്യക്ഷപ്പെട്ട ഇവര്‍ ക്ലിന്റന്റെ വിജയത്തെത്തുടര്‍ന്ന് 2001 വരെ രാജ്യത്തെ പ്രഥമവനിതയായി. ക്ലിന്റണ്‍ മന്ത്രിസഭ നിയോഗിച്ച ദേശീയ ആരോഗ്യപരിപാലന പരിപാടിയുടെ മുഖ്യ ചുമതല ഹിലാരിക്കായിരുന്നു. ക്ലിന്റന് എതിരായി അപവാദക്കേസ് പ്രചാരത്തിലിരുന്ന സമയത്ത് അവര്‍ പൊതുസമൂഹത്തില്‍ നിന്നും സ്വയം ഒഴിഞ്ഞു നില്‍ക്കുകയും മാധ്യമങ്ങളില്‍ നിന്ന് അകലം പാലിക്കുകയും ചെയ്തു. 2005 ജനു. 5-ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി റിക്ക് ലാസിയോവിനെ പരാജയപ്പെടുത്തി ഇവര്‍ സെനറ്റംഗമായി. സെനറ്റംഗമായിരിക്കെ തന്റെ നിയമജ്ഞാനം ഉപയോഗപ്പെടുത്തി വനിതകളുടെയും വീട്ടമ്മമാരുടെയും കുട്ടികളുടെയും അവകാശങ്ങള്‍ക്കായി യത്നിച്ചു. സെപ്തംബര്‍ 11-ലെ ഭീകരാക്രമണത്തെത്തുടര്‍ന്ന് അമേരിക്കന്‍സേന അഫ്ഗാനില്‍ നടത്തിയ ആക്രമണത്തെ ന്യായീകരിച്ച ഹിലാരി എന്നാല്‍, ജോര്‍ജ് ബുഷിന്റെ ഇറാഖ് ആക്രമണത്തെ ശക്തമായി എതിര്‍ത്തിരുന്നു. 2006-ല്‍ ഇവര്‍ പ്രയാസമേതുമില്ലാതെ വീണ്ടും സെനറ്റംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

2008 പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശം നല്‍കിയിരുന്ന ഇവര്‍ എന്നാല്‍ മൂന്നാം റൗണ്ടില്‍ പിന്തള്ളപ്പെട്ടു. എന്നാല്‍ ഒബാമ അധികാരത്തിലെത്തിയപ്പോള്‍ സ്റ്റേറ്റ് സെക്രട്ടറിയായി നാമനിര്‍ദേശം ചെയ്തത് ഹിലാരിയെയായിരുന്നു. 2009 ജനുവരിയില്‍ സെനറ്റ് ഇതിന് അംഗീകാരം നല്‍കി. ബില്‍ ക്ലിന്റണ്‍-ഹിലാരി ദമ്പതികളുടെ ഏകമകളാണ് ചെല്‍സിയ.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍